അബൂദബി: യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശ മേഖലകളിൽ താപനിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളിൽ നേരിയ തണുപ്പ് അനുഭവപ്പെടും. അബൂദബിയിൽ ഉയർന്ന താപനില 41°C വരെയും, ദുബൈയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്തരീക്ഷത്തിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നും വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത വർധിച്ചേക്കാമെന്നും കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. അതിനാൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കുക.
