ശബരിമല സീസണിലേക്ക് ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി. 600 നോൺ-എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു. ‘വെറ്റ് ലീസ്’ വ്യവസ്ഥയിലായിരിക്കും ബസുകൾ വാടകയ്ക്കെടുക്കുക. കെഎസ്ആർടിസി നേരിടുന്ന രൂക്ഷമായ ബസ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര നീക്കം.

സെപ്റ്റംബർ മാസത്തോടെ കെഎസ്ആർടിസിയുടെ രണ്ടായിരത്തോളം ബസുകളുടെ കാലാവധി പൂർത്തിയാവുകയാണ്. മുൻപ് കേന്ദ്ര സർക്കാർ നയം മറികടന്ന് 1,917 ബസുകൾക്ക് സംസ്ഥാന സർക്കാർ ഫിറ്റ്നസ് പുതുക്കി നൽകിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞ ഈ ബസുകൾ ഇനി സർവീസിന് ഉപയോഗിക്കരുതെന്നും അവ പൊളിച്ചുനീക്കണമെന്നും കാണിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാന ഗതാഗത സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബസുകളുടെ ലഭ്യതയിൽ പ്രതിസന്ധി ഉടലെടുത്തത്.

ശബരിമല സീസണിന് പുറമെ ഓണം, ക്രിസ്മസ്, പുതുവത്സര സീസണുകളിലെ തിരക്ക് നേരിടാൻ 63 സ്ലീപ്പർ, സീറ്റർ-കം-സ്ലീപ്പർ ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി നേരത്തെ ടെൻഡർ വിളിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. തുടർന്ന് ഇതിനായി റീ-ടെൻഡർ വിളിച്ചിട്ടുണ്ട്. അതേസമയം, പ്രിയദർശനി പദ്ധതിയുടെ ഭാഗമായി ജി-ഫോം സമർപ്പിച്ച് സർവീസ് അവസാനിപ്പിച്ച ആയിരത്തോളം സ്വകാര്യ ബസുകളുണ്ട്. ഈ ബസുടമകൾ കെഎസ്ആർടിസിയുടെ വാടക കരാർ ഓഫർ സ്വീകരിച്ച് മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *