റിയാദിൽ 3 വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾക്ക് പൂട്ട്

റിയാദ്: റിയാദിൽ ലൈസൻസില്ലാതെയും നിയമങ്ങൾ ലംഘിച്ചും അനധികൃതമായി പ്രവർത്തിച്ച മൂന്ന് വാട്ടർ ഫില്ലിങ്ങ് സ്റ്റേഷനുകൾ പൂട്ടിച്ച് സൗദി വാട്ടർ അതോറിറ്റി. ട്രഫാക് ജനറൽ ഡയറക്ടറേറ്റ്, പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി. ജൂലൈയിലെ നാല് ദിവസങ്ങളിലായി നടന്ന മിന്നൽ പരിശോധനയിൽ വിവിധ വിഷയങ്ങളിലായി 490-ലധികം കേസുകൾ രജിസ്റ്റർ ചെയ്തതായും അതോറിറ്റി വ്യക്തമാക്കി. തലസ്ഥാന ന​ഗരിയിലെ അൽ റിമാൽ, നർജീസ്, തുവൈഖ്, അൽ മൂസ, മൻഫൂഹ, യമാമ, അൽ അറീദ് എന്നീ പ്രധാന മേഖലകളിലെ വാട്ടർ ഫില്ലിങ് സ്റ്റേഷനുകളിലും കുടിവെള്ള ടാങ്കറുകളിലുമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വാട്ടർ സർവീസ് ദാതാക്കൾക്ക് ആവശ്യമായ ഔദ്യോഗിക ലൈസൻസുകളുണ്ടോയെന്നും സാങ്കേതിക-സുരക്ഷിതത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്താനായിരുന്നു നീക്കം. രജിസ്റ്റർ ചെയ്ത 400ലധികം കേസുകളിൽ 275ഉം വാട്ടർ അതോറിറ്റിയുടെ മുൻകൂർ ലൈസൻസില്ലാതെ സർവീസ് നടത്തിയ കുടിവെള്ള ടാങ്കറുകൾക്കെതിരെയുള്ളതാണ്. 217 എണ്ണം വിവിധ നിയമലംഘനങ്ങൾ നടത്തിയ ടാങ്കറുകൾക്കെതിരെ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ചുമത്തിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *