കൊറിയയെ പൂട്ടി മെക്സിക്കൻ വേവ്; ജയം ഏകപക്ഷീയമായ ഒരു ഗോളിന്

ഗ്വാഡലഹാര: ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആതിഥേയരായ മെക്സിക്കോ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ അൻപതാം മിനിറ്റിലാണ് മെക്സിക്കോയ്ക്ക് വേണ്ടി ലൂയിസ് റോമോ ഗോൾ നേടിയത്. ഇടതുവിങ്ങിൽ നിന്നും ഉയർന്നുവന്ന ക്രോസ് കൈപ്പിടിയിലൊതുക്കുന്നതിനിടെ ദക്ഷിണകൊറിയൻ ഗോൾകീപ്പർ കിം സ്യൂൻജ്യുവിന് പിഴക്കുകയും കയ്യിൽ നിന്നും മുന്നിലേക്ക് വഴുതിവീണ പന്ത് ലൂയിസ് റോമോ കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. ഗോൾ നേടിയ ശേഷം അല്പമൊന്ന് പ്രതിരോധത്തിലേക്കിറങ്ങിയെങ്കിലും കൃത്യമായ ഇടവേളകളിൽ മെക്സിക്കോ ആക്രമണം നടത്തുന്നുണ്ടായിരുന്നു. ആദ്യ ഗോളിൽ തന്റെ പിഴവുകളുണ്ടായിരുന്നെങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങാതെ ദക്ഷിണ കൊറിയയെ രക്ഷിച്ചത് ഗോൾ കീപ്പർ കിം സ്യൂൻജ്യു തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *