ലോസ്ഏഞ്ചൽസ്: ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ബോസ്നിയ ഹെർസിഗോവിനയ്ക്കെതിരെ നാല് ഗോൾ വിജയവുമായി സ്വിറ്റ്സർലാൻഡ്. വിജയത്തോടെ നോക്ക് ഔട്ട് സാധ്യതകൾ നിലനിർത്താനും സ്വിറ്റ്സർലാൻഡിനായി. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിലിറങ്ങിയ സ്വിസ്സ് പട, പൂർണമായ ആധിപത്യം തന്നെയായിരുന്നു മത്സരത്തിൽ കാഴ്ചവച്ചത്. മത്സരം അവസാനത്തോടടുക്കുമ്പോൾ ബോസ്നിയ പൊരുതിനോക്കിയെങ്കിലും അവസാന വിജയം സ്വിറ്റ്സർലാൻഡിനായിരുന്നു. ജൊഹാൻ മൻസംബിയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു സ്വിസ്സിന്റെ വിജയം. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം മത്സരത്തിന്റെ എഴുപത്തിനാലാമ മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ബോസ്നിയൻ കോർട്ടിലേക്ക് ക്രോസ് ചെയ്ത ഗോൾ പ്രതിരോധനിരക്കാർ ക്ലിയർ ചെയ്തെങ്കിലും മനോഹരമായ ഒരു വോളിയിലൂടെ ജൊഹാൻ മൻസംബി സ്വിസ്സിന് വേണ്ടി വലയിലെത്തിച്ചു. എണ്പത്തിനാലാം മിനിറ്റിൽ റൂബൻ വർഗാസ് ടീമിന് വേണ്ടി രണ്ടാം ഗോൾ തികച്ചു. തൊണ്ണൂറാം മിനിറ്റിൽ ടീമിന് വേണ്ടി തന്റെ രണ്ടാം ഗോളും മികച്ചൊരു ഫിനിഷിങ്ങിലൂടെ ജൊഹാൻ മൻസംബി പൂർത്തിയാക്കി. എക്സ്ട്രാ ടൈമിൽ ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയും വലയിലെത്തിച്ചു. എക്സ്ട്രാ ടൈമിൽ തന്നെയാണ് ബോസ്നിയയുടെ ഗോളും പിറന്നത്. മനോഹരമായൊരു ലോങ്ങ് റേഞ്ചർ വോളിയിലൂടെ എർമിൻ മഹ്മിക് ആണ് ബോസ്നിയയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.
ലോകകപ്പിൽ വമ്പൻ വിജയവുമായി സ്വിറ്റ്സർലാൻഡും കാനഡയും
