സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ സ്‌കൂളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍. ക്ലാസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ അംബേദ്കറിനെ ചിത്രം ഉയര്‍ത്തി തെരുവിലിറങ്ങുകയായിരുന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ പൊലീസിനെ വിളിച്ചു.നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രമന്ത്രിയുടെ രാജി ഉയര്‍ത്തി ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപിയുടെ നേതൃത്വത്തില്‍ ജെന്‍സികള്‍ തെരുവിലിറങ്ങിയതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ജെന്‍ ആല്‍ഫ പ്രതിഷേധം.

നാഗിന എംപിയും ആസാദ് സമാജ് വാദി പാര്‍ട്ടി എംപിയുമായ ചന്ദ്രശേഖര്‍ ആസാദും ആംആദ്മി പാര്‍ട്ടിയും സമര വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ പ്രചാരണമാണ് ലഭിച്ചത്. റോഡില്‍ നിന്നും വിദ്യാര്‍ത്ഥികളോട് മാറാന്‍ പൊലീസ് ആവശ്യപ്പെടുന്നതും വിദ്യാര്‍ത്ഥികള്‍ നിന്നിടത്ത് തുടരുന്നതുമാണ് വീഡിയോ. കിഷന്‍പൂരിലെ സര്‍വ്വോദയ ഇന്റര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് തെരുവിലിറങ്ങിയത്. ‘അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തൂ, വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കൂ’വെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം

ക്ലാസ് മുറികളില്‍ ഫാന്‍, വാട്ടര്‍ കൂളര്‍, മെനുവില്‍ നിര്‍ദേശിച്ചത് പ്രകാരമുള്ള ഭക്ഷണം എന്നിവ ഉറപ്പാക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. രാവിലെ ഏഴ് മണിക്ക് ഗേറ്റ് തുറന്നതിന് പിന്നാലെയാണ് സമരം ആരംഭിച്ചത്. ഒടുവില്‍ 24മണിക്കൂറിനകം പരിഹാരമുണ്ടാക്കാമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിച്ചതായി പ്രിന്‍സിപ്പല്‍ എല്‍ ബി സിംഗ് സ്ഥിരീകരിച്ചു. സമരം അവസാനിപ്പിച്ചെങ്കിലും ചൊവ്വാഴ്ച സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *