കൊളംബോ: ശ്രീലങ്കയ്ക്ക് 1996ലെ ലോകകപ്പ് കിരീടം സമ്മാനിച്ച ഇതിഹാസ ക്യാപ്റ്റൻ അർജുന രണതുംഗയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എം.പിയുമായ ശശി തരൂർ, രണതുംഗയ്ക്കൊപ്പമുള്ള ചിത്രം എക്സിൽ പങ്കുവെച്ചതോടെയാണ് ശ്രീലങ്കയുടെ ഇതിഹാസ നായകന്റെ അവിശ്വസനീയമായ രൂപമാറ്റം വാർത്തകളിൽ നിറയുന്നത്. ശരീരഭാരം ഗണ്യമായി കുറഞ്ഞ് വേറിട്ട ലുക്കിലെത്തിയ രണതുംഗയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പോലും കഴിയില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. കൊളംബോയിൽ എന്നെ കാണാനെത്തിയ ഈ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്റ്റനെ തിരിച്ചറിയാൻ ആരാധകർക്ക് അല്പം പ്രയാസമായിരിക്കും. അതേ, ബരിയാട്രിക് സർജറിക്ക് ശേഷം പൂർണ്ണമായും മെലിഞ്ഞ് സുന്ദരനായ അർജുന രണതുംഗയാണിത് എന്നായിരുന്നു ശശി തരൂർ എക്സ് പോസ്റ്റില്‍ കുറിച്ചത്. ശശി തരൂരിന്റെ പോസ്റ്റിന് പിന്നാലെ ശരീരഭാരം കുറയ്ക്കാനായി നടത്തുന്ന ‘ബരിയാട്രിക് സർജറി’യെക്കുറിച്ചും അതിന്റെ ആരോഗ്യപരമായ വശങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
ആളാകെ മാറി, ലങ്കൻ ക്യാപ്റ്റന്റെ അവിശ്വസനീയ രൂപമാറ്റം കണ്ട് അമ്പരന്ന് ആരാധകർ
