വാഷിങ്ടൺ: ഗാസയിൽ ഹമാസ് ഉൾപ്പെടെയുള്ള സായുധ സംഘങ്ങളെ പൂർണമായും നിരായുധരാക്കുന്നതിനായി ‘ബോർഡ് ഓഫ് പീസ്’ ചരിത്രപരമായ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് ഗാസയിൽ പുതിയ പലസ്തീൻ ഭരണകൂടം സ്ഥാപിക്കുന്നതിനും ഇസ്രയേൽ സൈന്യം ഘട്ടംഘട്ടമായി ഗാസയിൽനിന്ന് പിന്മാറാനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഇന്ന് ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധസംഘങ്ങളുടെയും പൂർണമായ നിരായുധീകരണത്തിന് ചരിത്രപരമായ കരാറിലെത്തി. ശാശ്വതമായ സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു മഹത്തായ ചുവടുവെയ്പ്പാണ്. നിരായുധീകരണം പൂർണമാകുന്നതോടെ ഇസ്രയേൽ സൈന്യം പിൻവാങ്ങും. തുടർന്ന് ഗാസ നിവാസികൾക്ക് സുരക്ഷയൊരുക്കാൻ ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് പുതിയ പലസ്തീൻ പോലീസ് സേനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാർ നടപ്പിലാക്കാൻ മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളോട് നന്ദി അറിയിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
