സ്റ്റാഫ് നഴ്സ് നിയമനം എപ്പോൾ? മുട്ടിലിഴഞ്ഞ് സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ

കോട്ടയം: ആരോഗ്യ വിദ്യാഭ്യാസവകുപ്പിൽ സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ നടപടികൾ അനിശ്ചിതത്വത്തിൽ. മെഡിക്കൽ കോളേജുകളിൽ നഴ്സുമാരുടെ 103 ഒഴിവുകൾ നികത്താതെ കിടക്കുമ്പോഴാണ് സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ ഇഴഞ്ഞുനീങ്ങുന്നത്.

2025 ജൂലായ് 18-നാണ് പി.എസ്.സി. സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. നവംബർ 11-ന് 3657 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1805 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 1840 പേരും ഭിന്നശേഷി പട്ടികയിൽ 12 പേരുമുണ്ട്. 2026 ഫെബ്രുവരി നാലുമുതൽ ഇന്റർവ്യൂ തുടങ്ങി. ഇതുവരെയും ഇന്റർവ്യൂ പൂർത്തിയായിട്ടില്ല. ആറുമാസത്തോളമായിട്ടും 1262 പേരുടെ ഇന്റർവ്യൂ ഇനിയും ബാക്കി. ഓഗസ്റ്റിൽ 45 പേരെയാണ് ഇന്റർവ്യൂവിന് വിളിച്ചിരിക്കുന്നത്.

ഇങ്ങനെ പോയാൽ ഈവർഷം കഴിഞ്ഞാലും ഇൻറർവ്യൂ കഴിയില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. സ്റ്റാഫ് നഴ്സ് ഗ്രേഡ്- 2 പഴയ ലിസ്‌റ്റിന്റെ കാലാവധി ജനുവരി 31-ന്‌ കഴിഞ്ഞിരുന്നു. നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ എച്ച്.എം.സി. വഴിയോ താത്‌കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുകയാണ്. മുമ്പ്‌ ജില്ലാടിസ്ഥാനത്തിലാണ് പി.എസ്.സി. ഇൻറർവ്യൂ നടത്തിയിരുന്നത്. ഇത്തവണ തിരുവന്തപുരത്ത്‌ പി.എസ്‌.സി. ഓഫീസിലാണ്‌ ഇന്റർവ്യൂ. ഇന്റർവ്യൂ നീണ്ടുപോകുന്നതുകൊണ്ടാണ്‌ നിയമനവും വൈകുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികൾക്കുവേണ്ട സേവനം നൽകാൻ വലിയ പ്രയാസം നേരിടുകയാണ്. പല മെഡിക്കൽ കോളേജുകളിലും പുത്തൻ ചികിത്സാവിഭാഗങ്ങൾ തുടങ്ങിയെങ്കിലും സ്ഥിരം നഴ്സുമാരില്ല. താത്കാലിക നഴ്സുമാരെയും ജീവനക്കാരെയും സർക്കാർ വന്നശേഷം പലയിടത്തും ഒഴിവാക്കി. പക്ഷേ, ചികിത്സാവിഭാഗങ്ങൾ സേവനം തുടരുന്നു. രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *