PSC കേരഫെഡ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ‘അട്ടിമറിക്കാന്‍ ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടു’

തിരുവനന്തപുരം: പിഎസ്‌സി കേരഫെഡ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷയിലും ഗുരുതര ക്രമക്കേടെന്ന് പരാതി. പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് എതിരെയാണ് ഗുരുതര ആരോപണം. റാങ്ക് പട്ടിക അട്ടിമറിക്കാന്‍ എം ആര്‍ ബൈജു നേരിട്ട് ഇടപെട്ടതായി ഉദ്യോഗാര്‍ത്ഥി ആരോപിച്ചു. ഒഴിവ് നികത്താതെ റാങ്ക് പട്ടിക റദ്ദാക്കാന്‍ എം ആര്‍ ബൈജു നിര്‍ദേശം നല്‍കിയെന്നാണ് പരാതി.

ഹൈക്കോടതിയുടെ അനുമതി വാങ്ങാതെയാണ് റാങ്ക് പട്ടിക റദ്ദാക്കിയത്. നിയമനം നടത്തണമന്ന സര്‍ക്കാര്‍ ആവശ്യം തള്ളി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. നിയമനം നടത്തണമന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ രൂക്ഷമായി പ്രതികരിച്ചതായും പരാതിയുണ്ട്. ഉദ്യോഗാര്‍ഥിയുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷമായിരുന്നു അന്വേഷണ സംഘം ഉദ്യോഗാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയത്.

കേരഫെഡില്‍ 23 ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴാണ് റാങ്ക് പട്ടിക റദ്ദാക്കിയത്. ഈ ഒഴിവുകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പിഎസ്‌സിക്ക് കത്ത് നല്‍കിയിട്ടും ഇത് അവഗണിച്ചായിരുന്നു പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കിയത്. സര്‍ക്കാരിന്റെ കത്ത് ഉള്‍പ്പടെയുള്ള തെളിവുകളുമായാണ് ഉദ്യോഗാര്‍ത്ഥി ചെയര്‍മാനെ സമീപിച്ചത്. എന്നാല്‍ രൂക്ഷ ഭാഷയിലാണ് ചെയര്‍മാന്‍ പ്രതികരിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഉദ്യോഗാര്‍ത്ഥിയുടെ വാദം ന്യായമാണെന്ന് ഇതേസമയം മുറിയിലുണ്ടായിരുന്ന പിഎ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതും എം ആര്‍ ബൈജു തള്ളിയെന്നാണ് ഉദ്യോഗാര്‍ത്ഥി മൊഴി നല്‍കിയിരിക്കുന്നത്.

ഗുരുതരമായ മറ്റൊരു കാര്യം ഇതുസംബന്ധിച്ച പരാതിയില്‍ കേസ് നിലനില്‍ക്കെ ഒഴിവിലേക്ക് വേറെ നോട്ടിഫിക്കേഷന്‍ ഇറക്കി പരീക്ഷ നടത്തി റാങ്ക് പട്ടിക പുറത്തിറക്കി നിയമനം നടത്തിയെന്നതാണ്. എം ആര്‍ ബൈജുവിന്റെ നേരിട്ടുള്ള ഇടപെടലിലായിരുന്നു ഈ നീക്കമെന്നും ആക്ഷേപമുണ്ട്. ഉദ്യോഗാര്‍ത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് എസ്‌ഐടി നീക്കം.

ഇതിനിടെ പിഎസ്‌സി ക്രമക്കേട് അന്വേഷണങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം. ഇതുവരെ 90ലേറെ പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ക്രമക്കേടില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പങ്കാളിത്തം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് നീക്കം. ഉദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധിക്കും. പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കാനും നീക്കമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *