എടപ്പാൾ: അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടാനായി തദ്ദേശ സ്ഥാപനങ്ങളിലെ ആലകളുടെ (പൗണ്ട്) ചുമതലയായിരുന്നു ശോശാമ്മയ്ക്ക്. പൗണ്ട് കീപ്പർ എന്ന ഈ തസ്തിക ഒഴിവാക്കിയിട്ടും പതിറ്റാണ്ടുകൾ അതേ തസ്തികയിൽ ജോലി ചെയ്ത ശോശാമ്മയും ഒടുവിൽ പടിയിറങ്ങുന്നു. സംസ്ഥാനത്തെ തന്നെ അവസാന ജീവനക്കാരിയായി. തൃശൂർ കുട്ടനല്ലൂർ അഞ്ചേരി ശോശാമ്മ (ലിസി) 1996-ലാണ് വട്ടംകുളം പഞ്ചായത്തിലെ ആല സൂക്ഷിപ്പുകാരിയായി ജോലിയിൽ പ്രവേശിച്ചത്.
കാർഷിക സംസ്‌കാരം നിലനിന്ന അക്കാലത്ത് വിളവുകൾ കന്നുകാലികൾ കയറി തിന്ന് നശിപ്പിക്കുന്നത് വലിയ കുറ്റമായിരുന്നു. തന്റെ കൃഷിയിടത്തിൽ കയറിയ കന്നുകാലിയെ (പശു, ആട്, പോത്ത്) ഭൂവുടമ പിടികൂടി കൊണ്ടുപോയി കെട്ടുന്ന സ്ഥലമാണ് ആല. പിന്നീട് പഞ്ചായത്ത് നിശ്ചയിക്കുന്ന പിഴ അടച്ചാൽ മാത്രമെ കന്നുകാലിയെ ഉടമക്ക് തിരിച്ചു കിട്ടു. പിഴയടച്ചില്ലെങ്കിൽ കന്നുകാലിയെ ലേലം ചെയ്യും. വട്ടംകുളത്തെ ഈ ചുമതലക്കാരിയായിരുന്നു ശോശാമ്മ. ആല പോയിട്ടും 30 വർഷത്തെ സേവനത്തിനു ശേഷം വെള്ളിയാഴ്ച അതേ തസ്തികയിൽ നിന്നാണ് ശോശാമ്മ പടിയിറങ്ങുന്നത്. കന്നുകാലി വളർത്തലും കൃഷിയും മലയാളിയുടെ പ്രധാന തൊഴിൽ മേഖലയുടെ പട്ടികയി നിന്ന് അകന്നതോടെ ആലകൾ പൂട്ടുകയും ഈ തസ്തിക എടുത്തു കളയുകയും ചെയ്തു. സംസ്ഥാനത്ത് നിരവധി പഞ്ചായത്തുകളിൽ ഈ തസ്തിക ഉണ്ടായിരുന്നെങ്കിലും അവരെല്ലാം വിരമിച്ച ശേഷവും ശോശാമ്മ മറ്റു ജോലികളുമായി ഇവിടെ തന്നെ തുടരുകയായിരുന്നു.എല്ലാവരുടെയും പ്രയപ്പെട്ടവളായി ഇത്രയും കാലം തുടർന്നു വന്ന ഇവർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് സഹപ്രവർത്തകർ.
