തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് ക്ലീന്‍ ചിറ്റ് ലഭിച്ച പുനര്‍ജനി അഴിമതി ആരോപണത്തില്‍ വിമര്‍ശനവുമായി പരാതിക്കാരില്‍ ഒരാളും മുന്‍ കോണ്‍ഗ്രസ് നേതാവുമായ രാജേന്ദ്രപ്രസാദ്. കേസ് അന്വേഷിക്കേണ്ടത് സിബിഐ ആണെന്നും പണം പിരിച്ചതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവുണ്ടെന്നും വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ക്ലീന്‍ ചിറ്റ് നല്‍കുന്നതെങ്ങനെയെന്നും രാജേന്ദ്രപ്രസാദ് ചോദിച്ചു.
‘സംസ്ഥാന സര്‍ക്കാര്‍ 2018-ലെ പ്രളയഫണ്ട് കളക്ട് ചെയ്യാനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും കൊടുത്തില്ല. അന്ന് വെറും എംഎല്‍എ ആയ വി ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ എഫ്‌സിആർഎ ലംഘിച്ച് പണം പിരിച്ചു. ഈ വീഡിയോ ഞങ്ങള്‍ക്ക് കിട്ടി. വിദേശത്ത് പോയി സതീശന്‍ കോടികള്‍ പിരിച്ചിട്ടുണ്ട്. വലിയൊരു ക്രിമിനല്‍ കുറ്റമാണ് അദ്ദേഹം ചെയ്തത്’, രാജേന്ദ്രപ്രസാദ് പറഞ്ഞു.
അതിനിടെ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഐഎം. കൊച്ചി പറവൂരില്‍ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കും. പിരിച്ച പണവും വീടുമെവിടെയെന്ന മുദ്രാവാക്യമുയര്‍ത്തിയാകും പ്രതിഷേധം.
വിജിലൻസ് അന്വേഷണത്തിൽ വി ഡി സതീശനെതിരെ തെളിവില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുനർജനിയിൽ അന്വേഷണം അവസാനിപ്പിച്ചതെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ രാവിലെ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജിലൻസ് പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തിൽ കേസിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് ‘പുനർജനി, പറവൂരിന് പുതുജീവൻ’. വീടുകൾ നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുക, സ്‌കൂളുകൾ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷൻ, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികൾ.
പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷൻ കൗൺസിൽ ഭാരവാഹി ജയ്സൺ പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. വി ഡി സതീശൻ പണം അഭ്യർത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്സൺ വിജിലൻസിന് പരാതി നൽകിയത്.
