കൊച്ചി : ജോര്‍ജുകുട്ടി എന്ന പേരില്‍ മലയാള സിനിമയില്‍ പല കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ആ പേര് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി സിനിമാപ്രേമിയുടെ മനസില്‍ ആദ്യമെത്തുന്ന മുഖം മോഹന്‍ലാലിന്‍റേത് ആയിരിക്കും. ജീത്തു ജോസഫിന്‍റെ ദൃശ്യം ഫ്രാഞ്ചൈസി പ്രേക്ഷകരില്‍ ഉണ്ടാക്കിയ സ്വാധീനം അത്രത്തോളമാണ്. ദൃശ്യം ആദ്യ ഭാഗം പുറത്തെത്തി 13 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ മൂന്നാം ഭാഗം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം എത്തിയത് എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊപ്പം ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഇപ്പോഴിതാ അവിടെ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്. തന്‍റെ സിനിമകളുടെ ആദ്യ ഷോ പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് പലപ്പോഴും കണ്ടിട്ടുള്ള എറണാകുളം കവിത തിയറ്ററിലാണ് മോഹന്‍ലാല്‍ ഇത്തവണയും എത്തിയത്. അവിടെ നിന്നുള്ള ഒരു വീഡിയോയില്‍ ചിത്രം തീരുമ്പോള്‍ കണ്ണ് തുടയ്ക്കുന്ന മോഹന്‍ലാലിനെ കാണാം. ചിത്രത്തിലെ വൈകാരികത അദ്ദേഹത്തെ തൊട്ടെന്ന് ഉറപ്പ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.
‘ദൃശ്യം 3’ കണ്ട് കരയുന്ന മോഹന്‍ലാല്‍; വൈറല്‍ വീഡിയോ
