കൊൽക്കത്ത: ബുധനാഴ്ച രാത്രി മാധ്യംഗ്രാമിൽ ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയ വെടിയൊച്ചകൾ മുഴങ്ങുന്നതിന് മുമ്പുതന്നെ, പശ്ചിമ ബംഗാൾ സർക്കാരിന്റെ ഭരണഘടനാപരമായ പദവിയെക്കുറിച്ച് ന്യൂഡൽഹിയിൽ ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു എന്ന് റിപ്പോർട്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥിന്റെ കൊലപാതകം ആ ചർച്ചകൾക്ക് തുടക്കമിടുകയല്ല, മറിച്ച് അവയെ വേഗത്തിലാക്കുകയാണ് ചെയ്തത്. ബുധനാഴ്ച രാത്രിയിൽ ഇങ്ങനൊരു കൊലപാതകം നടന്നിരുന്നെങ്കിലും ഇല്ലെങ്കിലും, ഇന്ന്, 2026 മെയ് ഏഴിന് പശ്ചിമ ബംഗാൾ സർക്കാരിന്റെ കാലാവധി അവസാനിച്ചു, എന്ന വസ്തുതയാണ് കേന്ദ്ര സർക്കാരിനെ നടപടിയെടുക്കാൻ നിർബന്ധിതമാക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള മമതാ ബാനർജിയുടെ മൂന്നാം ഊഴം ഇന്ന് ഔദ്യോഗികമായി അവസാനിക്കുകയാണ്.
294 സീറ്റുകളിൽ 207 എണ്ണത്തിലും വിജയിച്ച് തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് ബിജെപി. പുതിയ സർക്കാർ 2026 മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മമതാ ബാനർജി ഇതുവരെ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ല. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അവർക്ക് അനുമതി നൽകിയിട്ടുമില്ല. ഇതാണ് ഭരണഘടനാപരമായ മറ്റ് സാധ്യതകൾ പരിശോധിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്.
