പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത എഐ വീഡിയോ; മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസ്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോര്‍ഫ് ചെയ്ത എഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ മെറ്റ ഇന്ത്യ മേധാവി അരുണ്‍ ശ്രീനിവാസിനെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ്. വ്യവസായി എസ് അരവിന്ദ് റെഡ്ഡി, ബിജെപി നേതാവ് സായ് കിരണ്‍ എന്നിവരാണ് പരാതിക്കാര്‍. നിരവധി സോഷ്യല്‍ മീഡിയ യൂസേഴ്‌സിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത വീഡിയോ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.വീഡിയോ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ബിഎന്‍എസിന്റേയും ഐടി വകുപ്പിന്റേയും ലംഘനമാണെന്നും പൊലീസ് പറയുന്നു. വീഡിയോയുടെ സോഴ്‌സ് തേടുകയാണ് പൊലീസ്. വീഡിയോ നിര്‍മ്മിച്ചതും അപ്ലോഡ് ചെയ്തതും പങ്കുവെച്ചതുമായ ആളുകളുടെ പങ്ക് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

എഐ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകള്‍, വ്യാജ പരസ്യങ്ങള്‍, തെറ്റിദ്ധാരണ പരത്തുന്ന മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ മെറ്റാ പ്രതിനിധികളെ ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ് വിളിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മേധാവിക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രത്യേകിച്ച് നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിനിടെ ശേഖരിക്കുന്ന ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *