കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. 43 കാരനായ ഫറോക്ക് സ്വദേശി ജൂൺ 9 -ാം തീയതി മുതൽ വെൻ്റിലേറ്ററിലായിരുന്നു. അതീവ ഗുരുതര നിലയിൽ ജൂൺ 11 നാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്.
ആവർത്തിച്ച് ചെയ്ത രണ്ടു ടെസ്റ്റുകൾ നെഗറ്റീവ് ആയ ശേഷം ജൂലൈ 7 -ാം തീയതി ഐസോലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് ഐസിയു വിലേക്ക് മാറ്റി. ഇപ്പോൾ സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിച്ച വിവരം.
