അതിശക്തമായ മഴ; വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25 കോടി രൂപയുടെ നഷ്ടം

തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി.യുടെ കണക്ക്. വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻനാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 2892 ട്രാൻസ്‌ഫോർമറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെൻഷൻ പോസ്റ്റുകളും 2599 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 248 ഇടങ്ങളിൽ ഹൈ ടെൻഷൻ ലൈനും 7212 ഇടങ്ങളിൽ ലോ ടെൻഷൻ ലൈനും പൊട്ടിവീണു. 233 ട്രാൻസ്‌ഫോർമറുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി.

വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിതശ്രമം സംസ്ഥാന വ്യാപകമായി നടന്നുവരുന്നുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ ഉപഭോക്താക്കളെയാണ് വൈദ്യുതി തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത്. വൈദ്യുതി തടസ്സങ്ങൾ പ്രധാനമായും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലാണ് നിലനിൽക്കുന്നത്. വെള്ളം പൂർണ്ണമായും മാറിയതിനുശേഷം സുരക്ഷാമാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് മാത്രമേ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ നടത്താൻ കഴിയുകയുള്ളൂവെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും ഏകോപിപ്പിക്കുന്നതിനായി സർക്കിൾ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *