ദോഹ: മിഡിൽ ഈസ്റ്റിലെയും വടക്കൻ ആഫ്രിക്കയിലെയും (മിന റീജിയൻ) ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തർ. 2026ലെ ആഗോള സമാധാന സൂചിക പ്രകാരമാണ് മേഖലയിലെ ഏറ്റവും സുരക്ഷിതവും സ്ഥിരതയുള്ളതുമായ രാജ്യങ്ങളിലൊന്നാണെന്ന പദവി ഖത്തർ ഉറപ്പിച്ചത്. ആഗോള സൂചികയിൽ 163 രാജ്യങ്ങളിൽ 31ാം സ്ഥാനവും ഖത്തറിനാണ്. സാമൂഹിക സുരക്ഷ, സമാധാനം, സ്ഥിരത തുടങ്ങിയവയിലെ ശക്തമായ നേട്ടമാണ് ഒന്നാം സ്ഥാനം നിലനിർത്താൻ ഖത്തറിനെ സഹായിച്ചത്. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ഫലപ്രദമായ ഭരണം, സുരക്ഷിതമായ ജീവിത അന്തരീക്ഷം എന്നിവ പ്രതിഫലിപ്പിക്കുന്ന സാമൂഹിക സുരക്ഷയിലും മേഖലയിൽ ഒന്നാമതായി ഖത്തർ അംഗീകരിക്കപ്പെട്ടു.
ആഭ്യന്തര സുരക്ഷ, സാമൂഹിക ഐക്യം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള സ്ഥിരമായ നടപടികൾ ഖത്തറിനുണ്ട്. അതിനാൽ തന്നെ മേഖലയിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യങ്ങളിലൊന്നായാണ് ഖത്തർ അറിയപ്പെടുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് വർഷം തോറും പ്രസിദ്ധീകരിക്കുന്ന ആഗോള സമാധാന സൂചിക, ലോകത്തിലെ മുൻനിര സമാധാന അളവുകോലുകളിൽ ഒന്നാണ്. സാമൂഹിക സുരക്ഷ, നിലവിലുള്ള ആഭ്യന്തര, അന്തർദേശീയ സംഘർഷങ്ങളുടെ വ്യാപ്തി, സൈനികവൽക്കരണത്തിന്റെ അളവ് എന്നിങ്ങനെ മൂന്ന് വിശാലമായ മേഖലകളിൽ തരംതിരിച്ചിരിക്കുന്ന 23 സൂചകങ്ങൾ ഉപയോഗിച്ച് 163 രാജ്യങ്ങളെ വിലയിരുത്തിയത്. ഭരണം, സുരക്ഷ, മത്സരശേഷി എന്നിവയിൽ ഖത്തറിന്റെ വർധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരങ്ങളുടെ പട്ടികയിലാണ് പുതിയ റാങ്കിങ്. നയതന്ത്രം, അന്താരാഷ്ട്ര ചർച്ചകൾ, പ്രധാന ആഗോള കായിക, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കുള്ള കേന്ദ്രമായി ഖത്തർ സ്ഥാനം പിടിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ റാങ്കിങും പുറത്തുവന്നത്.
