സ്‌പെയ്‌നിൽ കാട്ടുതീ; ദുരിതമനുഭവിക്കുന്നവർക്ക് 88 ലക്ഷം കൈമാറി മെസ്സി

മഡ്രിഡ്: സ്പെയിനിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പുനർനിർമാണപ്രവർത്തനങ്ങൾക്കുമായി 88 ലക്ഷം രൂപ നൽകി ഫുട്ബോൾ താരം ലയണൽ മെസ്സി. സ്പെയിനിലെ മഡ്രിഡിലുള്ള സിയേറ ഒസ്റ്റെ പ്രവിശ്യയിലെ പ്രവർത്തനങ്ങൾക്കാണ് മുൻ ബാഴ്സലോണ താരം കൂടിയായ മെസ്സി പണം നൽകിയത്.

പ്രാദേശികഭരണകൂടത്തിന്റെ തലവനായ ഇസബെൽ ഡയസ് അയുസോയാണ് ഇക്കാര്യം പുറത്തുവിട്ടത്. യൂറോപ്പിലുണ്ടായ ഉഷ്ണതരംഗത്തെ തുടർന്ന് കാട്ടുതീ സ്‌പെയിനിൽ കനത്ത നാശം വിതച്ചിരുന്നു. ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയാണ് കത്തിയമർന്നത്.

അർജന്റീനയിൽ ജനിച്ച മെസ്സി 13-ാം വയസിലാണ് ബാഴ്‌സലോണ ക്ലബ്ബിൽ കളിക്കാനായി സ്‌പെയ്‌നിലെത്തിയത്. പിന്നീട് കരിയറിലെ 21 വർഷത്തോളം സ്‌പെയ്‌നിൽ തന്നെയായിരുന്നു താരം. 2010 മുതൽ യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായ മെസ്സി സ്വന്തം ചാരിറ്റബിൾ ഫൗണ്ടേഷനായ ‘ലിയോ മെസ്സി ഫൗണ്ടേഷൻ’ വഴി കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ദുരന്തനിവാരണം എന്നിവയ്ക്കായി വൻതുക നൽകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *