രാഹുൽ ഗാന്ധിയുമായി കിരൺ റിജിജു കൂടിക്കാഴ്ച നടത്തി, ഫലമില്ല; പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം

ഡൽഹി : മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലില്‍ ഒരിക്കല്‍ കൂടി കൈവയ്ക്കാന്‍ കേന്ദ്ര സർക്കാരിന്‍റെ നീക്കം. കഴിഞ്ഞ സമ്മേളനത്തില്‍ നീക്കം പരാജയപ്പെട്ടെങ്കില്‍ വര്‍ഷകാല സമ്മേളനത്തിന്‍റെ ദൈര്‍ഘ്യം കൂട്ടി പ്രത്യേക സിറ്റിംഗ് നടത്തി പാസാക്കാനാണ് നീക്കം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസിന്‍റെ നിലപാട് തേടി. ബില്ലിനെ അനുകൂലിക്കില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. എഫ് സി ആര്‍ എ ബില്ലിനെയും പിന്തുണക്കില്ലെന്ന് കെ സി വേണുഗോപാലും അറിയിച്ചു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബില്‍ പാസാകണമെങ്കില്‍ 360 അംഗങ്ങളുടെ പിന്തുണ വേണം. പ്രതിപക്ഷ നിരയിലെ ഭിന്നത മുതലാക്കാനാകുമെയെന്നാണ് സര്‍ക്കാര്‍ നോക്കുന്നതെങ്കിലും ഡി എം കെ ഇനിയും നിലപാടറിയിച്ചിട്ടില്ല. എന്‍ സി പി ശരദ് പവാര്‍ വിഭാഗവും മനസ് തുറന്നിട്ടില്ല. ചര്‍ച്ചയുടെ തീയതി പരസ്യമായെങ്കിലും പ്രതിപക്ഷത്തെ സര്‍ക്കാര്‍ ഇനിയും അറിയിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ദില്ലി പ്രതിഷേധത്തില്‍ അമിത്ഷാ സഭയിലെത്തി പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ബഹളം ശമിപ്പിക്കാന്‍ ഇരുസഭകളിലും അധ്യക്ഷന്മാര്‍ നിലപാട് കടുപ്പിച്ചെങ്കിലും ഇന്നും സഭ നടപടികള്‍ ബഹളത്തില്‍ മുങ്ങി. വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മൗനം തുടരുമ്പോള്‍ പൊലീസ് നടപടിയില്‍ പരിക്കേറ്റ മറ്റൊരു സംഘം വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തിയതും ശ്രദ്ധേയമായ. ഗുണ്ടകളെ വിട്ട് ഇവരെ ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ക്കായി നിരന്തരം ശബ്ദിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *