സൂറിച്ച്: സ്വന്തം പ്രസിഡന്‍റ് കസേര സംരക്ഷിക്കുന്നതിനായി 2030 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്‍റെ വേദി മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തെന്ന വാദങ്ങൾ ശക്തമായി നിഷേധിച്ച് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ). ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയ്‌ക്കെതിരെ പ്രമുഖ ബ്രിട്ടീഷ് പത്രമായ ‘ദി ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് വിശദീകരണവുമായി ഫിഫ രംഗത്തെത്തിയത്. ലോകകപ്പിന്‍റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിട്ട സംഭവം ഫിഫയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ വരാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിശ്വസ്തരായ ആഫ്രിക്കൻ രാജ്യങ്ങളുടെയും മറ്റ് അംഗങ്ങളുടെയും രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനാണ് ഇൻഫാന്‍റിനോ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇതിന്‍റെ ഭാഗമായി കാസബ്ലാങ്കയിൽ നിർമ്മാണത്തിലിരിക്കുന്ന 1,15,000 കാണികളെ ഉൾക്കൊള്ളാവുന്ന അത്യാധുനിക ഹസൻ രണ്ടാമൻ സ്റ്റേഡിയത്തിൽ ഫൈനൽ മത്സരം നടത്താമെന്ന് ഇൻഫാന്‍റിനോ മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ലോകകപ്പ് ഫൈനൽ വേദിയുടെ പേരിലും രാഷ്ട്രീയ കളി?
