ലാബ് ഓൺ വീൽസ് പദ്ധതിക്ക് തുടക്കം: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഡിഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം കേരള (അസാപ്) നടപ്പാക്കുന്ന ‘ലാബ് ഓൺ വീൽസ്’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

കേരളത്തിലെ ആദ്യത്തെ മൊബൈൽ എക്‌സ്പീരിയൻഷ്യൽ ലേണിംഗ് ലബോറട്ടറിയായ ഈ സംരംഭം വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ്, കോഡിംഗ്, മൈക്രോകൺട്രോളറുകൾ, ഇലക്ട്രോണിക്‌സ്, 3D ഡിസൈനിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം ലഭ്യമാക്കും.

എല്ലാവർക്കും സമതുലിതമായ സാങ്കേതിക വിദ്യാഭ്യാസം പ്രധാനം ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗര, ഗ്രാമ, തീരദേശ, ആദിവാസി, മലനിര, മറ്റ് വിദൂര മേഖലകൾ ഉൾപ്പെടെ കേരളത്തിലുടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലും ‘ലാബ് ഓൺ വീൽസ്’ നേരിട്ടെത്തും.

ആധുനിക വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക പഠനാനുഭവം ഉറപ്പാക്കുകയും ഡിജിറ്റൽ നൈപുണ്യം, നവീന ചിന്ത, പ്രശ്‌നപരിഹാരശേഷി എന്നിവ വിദ്യാർത്ഥികളിൽ വളർത്തുകയും ചെയ്യും.

സാങ്കേതിക മേഖലയിലെ പുതിയ തൊഴിൽസാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനൊപ്പം സർക്കാർ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായ മേഖല എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ പദ്ധതി സഹായിക്കും.

സംസ്ഥാന സർക്കാരും അസാപ് (ASAP) കേരളയും ഇൻഫോസിസും (Infosys) സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നൂതന സാങ്കേതികവിദ്യകളിലേക്ക് നേരിട്ട് പ്രവേശനം ഉറപ്പാക്കുന്നതിലൂടെ വിജ്ഞാനാധിഷ്ഠിതവും ആഗോളതലത്തിൽ മത്സരക്ഷമവുമായ ഭാവി തൊഴിൽശക്തിയെ വാർത്തെടുക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് ഈ പദ്ധതി വലിയ കരുത്തേകും.

ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ, അസാപ് കേരള ചീഫ് ഫിനാൻസ് ഓഫീസർ പ്രീതി ലിയാനോൾഡ്, അസാപ് കേരള ട്രെയിനിംഗ് വിഭാഗം മേധാവി ലൈജു ഐ. പി., ഗവ. വനിതാ കോളേജ് പ്രിൻസിപ്പൽ ടി. ചിത്ര, ഇൻഫോസിസ് പ്രതിനിധികളായ സുനിൽ ജോസ്, സന്തോഷ് ആനന്തപുര എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *