തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് ഗുണ്ടകളുടെ നാട് അല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെൻറ് പ്രതിജ്ഞബദ്ധമാണ്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഓണക്കാലം കൂടി മുൻ നിർത്തി നടപടികൾ ഊർജിതമാക്കും. എല്ലാം പൊലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകൾ പ്രകാരം ഗുണ്ടകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തും. ഏത് സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകൾക്കെതിരെ നടപടി ഉണ്ടാകും. കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും മനപ്പൂർവം പ്രശ്നമുണ്ടാക്കുന്നവർ ആരായാലും കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണ്ടകൾ മാത്രമല്ല ഗുണ്ടകളെ പോറ്റി വളർത്തുന്ന ആളുകൾക്കെതിരേയും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെയും നടപടിയെടുക്കുമെന്നും നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
