‘രാജി ജെൻസികളെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ’; രാജിയിൽ വിശദീകരണവുമായി ധർമ്മേന്ദ്ര പ്രധാൻ

ഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ ചൊല്ലിയുള്ള പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തു നിന്ന് രാജി വച്ചതിൽ ആദ്യമായി വിശദീകരണവുമായി ധർമ്മേന്ദ്ര പ്രധാൻ. ജെൻസികളെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് രാജി വയ്ക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ജെൻസികളോട് തനിക്ക് പ്രശ്‌നമില്ലെന്നും അവരുടെ വാക്കുകൾ കേൾക്കേണ്ടതാണെന്നും ധർമ്മേന്ദ്ര പ്രധാൻ പ്രതികരിച്ചു.

ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ സംസാരിക്കവെയാണ് ധർമ്മേന്ദ്ര പ്രധാന്‍റെ പ്രതികരണം. “ജെൻ സി നമ്മുടെ കുട്ടികളാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ ശ്രമിച്ചത്. എനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളോ നിരാശകളോ ഒന്നുമില്ല. ഇന്ത്യയിൽ പ്രതിവർഷം കുറഞ്ഞത് രണ്ട് കോടി കുട്ടികളെങ്കിലും ജനിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 20 കോടി കുട്ടികൾ ജനിച്ചു. അവർക്ക് വലിയ ആഗ്രഹങ്ങളുണ്ട്. ഭാരതത്തെ വിശ്വഗുരു ആക്കുന്നത് അവരാണ്. ഈ മന്ത്രിസ്ഥാനം എനിക്ക് പ്രധാനപ്പെട്ട ഒന്നായിരുന്നില്ല”- പ്രധാൻ വ്യക്തമാക്കി. ജൂലൈ 25-നാണ് ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത്.

അതേസമയം, സ്വന്തം നാട്ടിൽ ഗോ ബാക്ക് വിളിച്ച സംഭവത്തിലും അദ്ദേഹം തനിക്കെതിരായ നീക്കത്തിന് പിന്നിൽ നവീൻ പട്നായിക് ആണെന്നും ഒഡീഷയ്ക്ക് അപമാനമാണ് താനെന്ന് പട്നായിക് പറഞ്ഞു പരത്തിയെന്നും കുറ്റപ്പെടുത്തി. ബിജെഡി അധ്യക്ഷൻ യുവാക്കളെ തനിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഉപയോഗിക്കുകയാണ്. ഒഡീഷയിലെ ജനങ്ങളെ നാണംകെടുത്തുന്ന രീതിയിൽ താൻ എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും ധർമ്മേന്ദ്ര പ്രധാൻ സദസ്സിനോടായി ചോദിച്ചു. ബിജെഡി എംഎൽഎ പ്രസന്ന ആചാര്യ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു പട്നായിക്കിനെതിരെയുള്ള ധർമ്മേന്ദ്ര പ്രധാന്‍റെ പരാമർശങ്ങൾ. താൻ കർഷകന്‍റെ മകനാണെന്നും തിരിച്ചുപോകാൻ പറഞ്ഞാലും വീണ്ടും വരുമെന്നും പ്രധാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *