ഇ20 പെട്രോളിനെ അനുകൂലിച്ച് എണ്ണക്കമ്പനികൾ

ഡൽഹി: രാജ്യത്തു വിൽക്കുന്ന ഇ20 പെട്രോൾ ഗുണമേന്മ ചട്ടങ്ങൾ പാലിക്കുന്നതാണെന്നു വ്യക്തമാക്കി എണ്ണക്കമ്പനികൾ. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യവ്യാപകമായി പമ്പുകളിൽനിന്നും റിഫൈനറികളിൽനിന്നും എഥനോൾ ഡിസ്റ്റിലറികളിൽനിന്നും എടുത്ത സാംപിളുകൾ പരിശോധിച്ചശേഷം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

പമ്പുകളിൽ ലഭിക്കുന്ന ഇ20 പെട്രോളിൽ ജലാംശം കലരുന്നതായും ഉയർന്ന ക്ലോറൈഡ് സാന്നിധ്യമുള്ളതായും റിപ്പോർട്ടുകൾ വന്നതിനെ ത്തുടർന്നാണ് കമ്പനികൾ പരിശോധന തുടങ്ങിയത്. രണ്ടാഴ്ചയിലധികമായി നടത്തിയ പരിശോധനയിൽ മൂന്നോ നാലോ സാംപിളുകളിൽ മാത്രമാണ് ക്ലോറൈഡ് കൂടുതലായി കണ്ടെത്തിയതെന്നാണ് കമ്പനികൾ പറയുന്നത്.

എല്ലാ പെട്രോൾ പമ്പുകളിലും ഇന്ധനത്തിലെ ജലസാന്നിധ്യവും സാന്ദ്രതാ പരിശോധനയും ദിവസം എട്ടുമുതൽ 12 തവണ വരെ നടത്തുന്നു. ഇതിനായി സഞ്ചരിക്കുന്ന ഇന്ധന ഗുണമേന്മ പരിശോധനാ ലബോറട്രികൾ സജ്ജമാക്കിയിട്ടുണ്ട്. ഡിസ്റ്റിലറികളിലെ എഥനോളിൽ കഴിഞ്ഞ 10 ദിവസമായി നടത്തിയ പരിശോധനയിലിത് മൂന്നു പി.പി.എമ്മിൽ താഴെയായിരുന്നു. പമ്പുകളിലെ സാംപിളുകളിലിത് പൂജ്യത്തിനും മൂന്നു പി.പി.എമ്മിനും ഇടയിലാണെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി. പമ്പുകളിലെ ഭൂമിക്കടിയിലുള്ള ഇന്ധന സംഭരണ ടാങ്കുകളിൽ ജലാംശം കലരാനുള്ള സാധ്യത അടിയന്തരമായി പരിശോധിക്കുന്നതായും ഇതുവരെ നടത്തിയ പരിശോധനകളിൽ ഇത്തരത്തിലൊന്നും കണ്ടെത്താനായിട്ടില്ലെന്നും കമ്പനികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *