ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി ജമ്മുകശ്മീറുമായി ബന്ധപ്പെട്ട 27 കേന്ദ്രങ്ങളിൽ അന്വേഷണ ഏജൻസികളും സുരക്ഷാ സേനയും ചേർന്ന് സംയുക്ത റെയ്ഡ് നടത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഭീകരവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശൃംഖലകൾക്കെതിരെയുള്ള കർശന നടപടിയുടെ ഭാഗമായാണ് ഞായറാഴ്ച രാവിലെ പരിശോധന നടന്നത്. നിരോധിത സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങൾ കണ്ടെത്തുകയും അവ തടയുകയുമാണ് റെയ്ഡിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ ഈ വർഷം മേയ് 25-നും ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ കാശ്മീർ താഴ്‌വരയിലെ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. അന്ന് ശ്രീനഗറിലും ഷോപ്പിയാനിലും നടത്തിയ പരിശോധനകളിൽ ഭീകരവാദ ബന്ധം തെളിയിക്കുന്ന രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
