പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പമ്പ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളാ പൊലീസ് ആക്ട് 118 (e) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഹെലികോപ്റ്റര്‍ പറത്തിയെന്നാണ് എഫ്‌ഐആർ. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും നിര്‍മ്മിതികള്‍ക്ക് കേടുപാട് വരത്തക്ക രീതിയിലും ജീവനക്കാരില്‍ പരിഭ്രാന്തിയുണ്ടാക്കും വിധവുമാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് പറന്നത്. കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ഹെലികോപ്റ്റര്‍ പറന്നിട്ടുണ്ട്. ഹെലികോപ്റ്ററില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 30 സെക്കന്‍ഡ് സമയം സന്നിധാനത്തിന് സമീപം ഹെലികോപ്റ്റര്‍ പറന്നു. ആദ്യമായിട്ടാണ് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന്റെ വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. നാല് തവണ ഹെലികോപ്റ്റർ സന്നിധാനത്തിന് സമീപം താഴ്ത്തി പറത്തുകയും ചെയ്തിരുന്നു.
വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റര്‍ എത്തിയതെന്നും പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പിആര്‍ഒ വ്യക്തമാക്കി.
