റിയാദ്: ഉപഭോക്താക്കൾക്ക് കൃത്യമായി സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ വാഹന ഏജൻസിക്ക് 81 ലക്ഷം റിയാൽ പിഴ ചുമത്തി സൗദി വാണിജ്യ മന്ത്രാലയം. ഏജൻസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുകയും രാജ്യത്തേക്ക് പുതിയ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. കൃത്യമായ മെയിന്റനൻസ് സർവീസ് നൽകാതിരിക്കുക, ആവശ്യത്തിന് സ്പെയർ പാർട്സുകൾ ലഭ്യമാക്കാതിരിക്കുക, നിർമാണ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള വാറന്റി വ്യവസ്ഥകൾ പാലിക്കാതിരിക്കുക, വിൽപ്പനാനന്തര സേവനങ്ങൾ നൽകാതിരിക്കുക എന്നിവയാണ് ഏജൻസിക്കെതിരെ കണ്ടെത്തിയ നിയമലംഘനങ്ങൾ.
മന്ത്രാലയത്തിന്റെ പ്രത്യേക സംഘം ലംഘനങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിച്ചു വരികയാണ്. അതോടൊപ്പം ഉപഭോക്താക്കളുമായി ബന്ധപ്പെടുകയും അവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്നും തകരാർ പറ്റിയ വാഹനത്തിന് പകരം വാഹനം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. പ്രസ്തുത വാഹന നിർമാണ കമ്പനിയെ മന്ത്രാലയം വിളിച്ചുവരുത്തുകയും, ഏജൻസിക്കെതിരെ നിർദേശിച്ച തിരുത്തൽ നടപടികളും വാഹനങ്ങൾ തിരിച്ചുവിളിക്കാനുള്ള നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകാൻ പൂർണ പ്രാപ്തിയുള്ള പുതിയൊരു ഏജന്റിലേക്ക് ബ്രാൻഡിന്റെ വിതരണാവകാശം മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
