റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ നാളെ റിയാദിലെത്തും. ബുധനാഴ്ച റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ഇന്ത്യൻ എംബസിയിലെത്തി അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. ജൂലൈ 31-ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നിയമനപത്രം സ്വീകരിച്ച അദ്ദേഹം, ഇതിനുമുമ്പ് ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു.ആഗസ്റ്റ് 15-ന് ഇന്ത്യൻ എംബസിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അംബാസഡർ വിപുൽ ദേശീയപതാക ഉയർത്തും. തുടർന്ന് സൗദിയിലെ പ്രവാസി സമൂഹത്തെ അദ്ദേഹം ആദ്യമായി അഭിസംബോധന ചെയ്യും.
സൗദിയിലെത്തുന്നതിന് മുന്നോടിയായി പ്രമുഖ സൗദി ദിനപത്രമായ ‘അറബ് ന്യൂസിന്’ നൽകിയ അഭിമുഖത്തിൽ, വരും വർഷങ്ങളിൽ ഇന്ത്യ-സൗദി ബന്ധം കൂടുതൽ ദൃഢമാകുമെന്നും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പരസ്പര താൽപ്പര്യങ്ങൾ, ശക്തമായ സംഘടനാ സംവിധാനം, സൗദിയുടെ വിഷൻ 2030 പരിഷ്കരണ പദ്ധതികൾ എന്നിവ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിന് കരുത്തേകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
