പത്തനംത്തിട്ട: ശബരിമല തീർഥാടകർ പമ്പ ത്രിവേണിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ ഇനി 5,000 രൂപ പിഴ ചുമത്തും. ഇതുസംബന്ധിച്ച് ശബരിമല എഡിഎം ഉത്തരവിറക്കി. പമ്പയിലെ നദിയിലും പരിസരങ്ങളിലും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തടയുകയാണ് ലക്ഷ്യം. ഡ്യൂട്ടി മജിസ്ട്രേറ്റുമാർക്കും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് പിഴ ചുമത്താനുള്ള അധികാരം നൽകിയിരിക്കുന്നത്.
ഹൈക്കോടതിയുടെ നിർദേശങ്ങളും നിരന്തരമായ ബോധവത്കരണവും ഉണ്ടായിട്ടും പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഈ മണ്ഡലകാലത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം 23 ടണ്ണോളം തുണിമാലിന്യമാണ് പമ്പയിൽനിന്ന് നീക്കം ചെയ്തത്. നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്.
ഇതിനായി പ്രത്യേക തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്ന സന്ദേശം KSRTC ബസുകളിലും ബസ് സ്റ്റാൻഡുകളിലും പ്രചരിപ്പിക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. പമ്പയുടെ ശുചിത്വവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. തീർഥാടകർ വസ്ത്രങ്ങൾ പമ്പാനദിയിൽ ഉപേക്ഷിക്കരുതെന്നും അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ എല്ലാ അയ്യപ്പഭക്തരും നിർദേശങ്ങൾ പാലിക്കണമെന്നും പുണ്യനദിയുടെ ശുചിത്വം കാത്തുസൂക്ഷിക്കാൻ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
