ചെന്നൈ : ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമരൻ സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രമാണ് ഓം. സായ് അഭ്യങ്കർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ആദ്യ ഗാനം രണ്ട് ആഴ്ച മുൻപ് അണിയറക്കാർ പുറത്ത് വിട്ടിരുന്നു. സായ് അഭ്യങ്കർ തന്നെയാണ് ഈ ഗാനം ആലപിച്ചിരുന്നത്. ഇപ്പോഴിതാ അതിൻറെ അൺപ്ലഗ്ഗ്ഡ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. അളകാ ലവാ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് റോകേഷ് ആണ്.
മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ നസീറുദ്ദീൻ ഷായും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 32 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ൽ എത്തിയ പൊന്തൻമാടയിൽ നസീറുദ്ദീൻ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.
രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റർ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിൻറെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിൻറെ വർക്കിംഗ് ടൈറ്റിൽ. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക. ഒക്ടോബർ 16ന് ആണ് ചിത്രത്തിൻറെ റിലീസ്.
