ഭക്ഷ്യക്ഷാമം, മാനസിക സമ്മർദം; കപ്പലിൽ നിന്ന്​ ചാടി നാവികർ

തെഹ്​റാൻ/വാഷിങ്​ടൺ: ഇറാൻ യുദ്ധത്തിന്‍റെ ഭാഗമായി പശ്ചിമേഷ്യയിലെ അമേരിക്കൻ വിമാന വാഹിനി കപ്പലായ യുഎസ്​എസ്​ എബ്രഹാം ലിങ്കണിൽ അതീവ ഗുരുതര സാഹചര്യമെന്ന്​ അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്​. മറീനുകൾ മാനസിക സമ്മർദം താങ്ങാനാകാതെ കപ്പലിൽ നിന്ന്​ ചാടി ജീവനൊടുക്കാൻ ​ശ്രമിച്ച ഒന്നിലധികം സംഭവങ്ങളാണ്​ റി​​പ്പോർട്ട്​ ചെയ്തത്​. ഭക്ഷ്യക്ഷാമം അനുഭവിക്കുന്നതായും പ്രാഥമികാവശ്യങ്ങൾക്ക്​ അടക്കം മറീനുകൾ ദുരിതം അനുഭവിക്കുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തുന്നു.

യുദ്ധം സംബന്ധിച്ച അനിശ്​ചിതത്വം തുടരുന്നതിനിടെയാണ്​ അമേരിക്കൻ നാവിക സേനയുടെ അഭിമാനമായ എബ്രഹാം ലിങ്കണിലെ ഗുരുതര സംഭവങ്ങൾ പുറത്തുവന്നത്​. കപ്പലിലുള്ള മറീനുകളുടെ ബന്ധുക്കളും അമേരിക്കൻ സെനറ്റർമാരുമാണ്​ നാവികരുടെ ദുരിതാവസ്ഥ പുറത്തുവിട്ടത്​. ഇറാൻ യുദ്ധത്തിന്‍റെ കാര്യത്തിൽ പ്രതിരോധത്തിലായ യു.എസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപിന്​ മുകളിൽ സമ്മർദം ശക്​തമാക്കുന്നതാണ്​ യുഎസ്​എസ്​ എബ്രഹാം ലിങ്കണിൽ നിന്ന്​ പുറത്തുവരുന്ന റി​പ്പോർട്ട്​. പ്രതിസന്ധി രൂക്ഷമായ​തോടെ പശ്​ചിമേഷ്യയിൽ നിന്ന്​ കപ്പൽ പിൻവലിക്കുന്നതും പെന്‍റഗൺ ആലോചിക്കുന്നുണ്ട്​. യുഎസ്​എസ് എബ്രഹാം ലിങ്കണിന്​ പകരം യുഎസ്​എസ്​ വാഷിങ്​ടണിനെ പശ്​ചിമേഷ്യയിലേക്ക്​ അയക്കുന്നതും പരിഗണിക്കുന്നുണ്ട്​. 250 ദിവസമായി എബ്രഹാം ലിങ്കൺ കപ്പൽ കടലിൽ തുടരുകയാണ്​. 200 ദിവസത്തോളമായി തുറമുഖങ്ങളിൽ അടുത്തിട്ടുമില്ല. ഈ സാഹചര്യത്തിൽ പുറത്തിറങ്ങാൻ സാധിക്കാത്ത നാവികർ കടുത്ത മാനസിക സമ്മർദം ആരംഭിക്കുന്നുണ്ട്​. ആഗസ്റ്റ്​ ആദ്യം കപ്പലിന്‍റെ ഡെക്കിൽ നിന്ന്​ കടലി​ലേക്ക്​ ചാടി ജീവൻ അവസാനിപ്പിക്കാൻ ​ശ്രമിച്ച നാവികനെ ഹെലികോപ്​ടർ ഉപയോഗിച്ച്​ രക്ഷപ്പെടുത്തിയാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. ഈ സംഭവത്തിന്​ ശേഷവും രണ്ടിലധികം നാവികർ കപ്പലിൽ നിന്ന്​ ചാടാൻ ശ്രമിച്ചതായും ബന്ധുക്കൾ അമേരിക്കൻ മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയിട്ടുണ്ട്​.

ഭക്ഷണത്തിന്​ കടുത്ത ക്ഷാമം അനുഭവപ്പെടു​ന്നതായും നാവികരുടെ ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ഒരു ആഴ്ചയിൽ കൂടുതൽ വസ്ത്രങ്ങൾ അലക്കാൻ കഴിയാത്തതും ഫ്രഷ്​ ഫുഡ്​ കിട്ടാത്തതും എല്ലാം പ്രതിസന്ധി രൂക്ഷമാക്കുന്നു. കപ്പലിൽ ജോലിയിൽ പ്രവേശിച്ച ശേഷം ഒരു നാവികന്‍റെ ശരീര ഭാരം 29 കിലോ കുറഞ്ഞതായി ബന്ധുവിന്‍റെ ഉദ്ധരിച്ച്​ ബി.ബി​.സി റിപ്പോർട്ട്​ ചെയ്യുന്നു.തകർന്ന ടോയ്‌ലറ്റുകൾ, ആഴ്ചകളോളം അലക്കാൻ കഴിയാത്ത സാഹചര്യം, ചൂടുവെള്ളമില്ല, അര കപ്പ് ചോറും രണ്ട് ടോർട്ടിലകളും മാത്രമായി ചുരുങ്ങിയ ഭക്ഷണം. സോപ്പ്, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ് എന്നിവയില്ലായ്മ തുടങ്ങിയ ദുരിത പൂർണമായ അവസ്ഥയാണ്​ ഇ​പ്പോൾ യു.എസ്​.എസ്​ എബ്രഹാം ലിങ്കണിൽ അനുഭവിക്കുന്നതെന്ന്​ കാലിഫോർണിയയിൽ നിന്നുള്ള കോൺഗ്രസ് അംഗം മൈക്ക് ലെവിൻ വ്യക്​തമാക്കി.

2025 നവംബറിൽ കാലിഫോർണിയയിൽ നിന്ന് സൗത്ത് ചൈന കടയിലേക്ക് പുറപ്പെട്ട കപ്പൽ ഇറാൻ യുദ്ധത്തെ തുടർന്നാണ് ​ഫെബ്രുവരിയിൽ പശ്ചിമേഷ്യയിലേക്ക് നീങ്ങിയത്. മേയ്​ മാസത്തിൽ അമേരിക്കയിൽ തിരിച്ചെത്തേണ്ടിയിരുന്നതാണെങ്കിലും ഇറാൻ യുദ്ധത്തിന്‍റെ സാഹചര്യത്തിൽ നീളുകയായിരുന്നു. അയ്യായിരം നാവികരാണ്​ കപ്പലിലുള്ളത്​

അടിസ്ഥാന സാധനങ്ങളുടെ ദൗർലഭ്യം, ജല മലിനീകരണം, പ്ലംബിംഗ് പ്രശ്നങ്ങൾ, വഷളാകുന്ന മാനസികാരോഗ്യം, ഡെക്ക് സുരക്ഷാ ആശങ്കകൾ, മെയിൽ സംവിധാനത്തിലെ തടസ്സങ്ങൾ തുടങ്ങിയവ യുദ്ധക്കപ്പലിൽ അനുഭവപ്പെടുന്നുണ്ടെന്ന്​ ഡെ​മോക്രാറ്റ്​ ​സെനറ്റർ റിച്ചാർഡ്​ ബ്ലൂമെന്‍റൽ പ്രതിരോധ സെക്രട്ടറി പീറ്റ്​ ഹെഗ്​സെത്തിന്​ അയച്ച കത്തിൽ കുറ്റപ്പെടുത്തി. കപ്പലി​ലെ ദുരിതപൂർണ സാഹചര്യം പരിശോധിക്കാൻ കോൺഗ്രസ്​ പ്രതിനിധി സംഘത്തെ കപ്പൽ സന്ദർശിക്കാൻ നിയോഗിക്കണമെന്ന്​ സഹ ഡെമോക്രാറ്റിക് സെനറ്റർ റൂബൻ ഗാലെഗോ ആവശ്യപ്പെട്ടു. അതേസമയം, കപ്പലിൽ പ്രശ്​നങ്ങളൊന്നുമില്ലെന്നും റി​പ്പോർട്ടുകൾ പൂർണമായും തെറ്റാണെന്നും ​പീറ്റ്​ ഹെഗ്​സത്ത്​ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *