തിരുവനന്തപുരം: എംഡിഎംഎ കേസുകളിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതെല്ലാം കളവാണെന്ന് സിപിഎം. മുഖ്യമന്ത്രി അംഗീകരിച്ച ഒരേ ഒരു കാര്യം ലഹരി കേസിൽ അറസ്റ്റിലായ പ്രതികൾ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നതും അവരുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്നതുമാണ് എന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. എന്നാൽ, ആ ബന്ധം എങ്ങനെ ഉണ്ടായി എന്ന് വിശദീകരിക്കുന്നത് പച്ചക്കള്ളത്തിലൂടെയാണെന്നും സതീഷ് പറഞ്ഞു.
എംഡിഎംഎ കേസിലെ പ്രതി ഹുസൈൻ നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ കുറുപ്പംപടിയിൽ യൂത്ത് കോൺഗ്രസിന് വേണ്ടി കരിങ്കൊടി കാണിച്ചപ്പോൾ പോലീസ് ക്രൂരമായി ലാത്തിച്ചാർജ് നടത്തി എന്നും തുടർന്ന് ചികിത്സ വേണ്ടിവന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ഈ സംഭവത്തിന് ശേഷം മർദനമേറ്റ യൂത്ത് കോൺഗ്രസുകാരൻ എന്ന നിലയിൽ ഫോണിൽ സംസാരിച്ചെന്നും പ്രതിയുടെ വീട്ടിൽ പോയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ നവകേരളയാത്രയുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ കുറുപ്പംപടിയിൽ പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. അതുകൊണ്ട് എംഡിഎംഎ കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഹുസൈന് മർദനമേൽക്കുകയോ ആശുപത്രിയിൽ തിരുമ്മലിന് പോവുകയോ ചെയ്തിട്ടില്ല. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ചാൽ പല തവണ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതായി കാണാമെന്നും സതീഷ് ചൂണ്ടിക്കാട്ടി.
