ന്യൂഡൽഹി: വി. ഡി സവർക്കർക്കെതിരായ പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി. കേസിൽ കോടതി അയച്ച സമൻസും റദ്ദാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുന്നതിന് പോസിക്യൂഷൻ അനുമതി ഉത്തർപ്രദേശ് സർക്കാർ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിപാങ്കർ ദത്തയും ജസ്റ്റിസ് ഷീൽ നാഗുവും അടങ്ങിയ ബെഞ്ചിന്റെ നടപടി. 2022 ൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി വിഡി സവർക്കറെ വിമർശിക്കുന്ന പരാമർശം നടത്തിയത്.
സവർക്കരെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിളിച്ചെന്നും വാർത്താസമ്മേളനത്തിൽ ഇത് പരാമർശിച്ച് ലഘുരേഖ വിതരണം ചെയ്തെന്നും കാണിച്ച് ഒരു അഭിഭാഷകൻ ലക്നൗ കോടതിയിൽ പരാതി നൽകിയിരുന്നു. രാഹുൽ ഹാജരാകണം എന്ന് നിർദ്ദേശിച്ച് 2024 നവംബറിൽ ലക്നൗ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത ജസ്റ്റിസ് മൻമോഹൻ എന്നിവരുടെ ബഞ്ച് രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ചു.
ചരിത്രമറിയാതെ രാഹുൽഗാന്ധി ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി താക്കീത് നൽകി. ഒരു പാർട്ടിയുടെ നേതാവായ രാഹുൽ ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിക്കരുതെന്നും സവർക്കറെ പോലുള്ള സ്വാതന്ത്ര്യസമരസേനാനികളെ അധിക്ഷേപിക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. പ്രസ്താവന ആവർത്തിക്കില്ലെന്ന് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിനെതിരായ ലക്നൗ കോടതി നോട്ടീസ് സ്റ്റേ ചെയ്ത രണ്ടംഗ ബെഞ്ച് ഉറപ്പ് ലംഘിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
