സ്വാതന്ത്ര്യദിനത്തിൽ ശ്രദ്ധ നേടി പ്രധാനമന്ത്രിയുടെ വേഷം

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം. സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി എത്തിയത് ചുവപ്പുനിറത്തിലുള്ള ടൈ ആൻഡ് ഡൈ തലപ്പാവ് ധരിച്ചാണ്. രാജസ്ഥാനിലേയും ഗുജറാത്തിലേയും പരമ്പരാഗത ശൈലിയോട് ചേർന്നുനിൽക്കുന്നതാണ് ഈ തലപ്പാവ്. വെള്ള കുർത്തയും ബ്രൗൺ നിറത്തിലുള്ള വെസ്റ്റുമാണ് കൂടെ ധരിച്ചത്. ദേശീയപതാകയുടെ നിറങ്ങളെ അനുസ്മരിപ്പിക്കുന്ന കാവി, വെള്ള, പച്ച നിറങ്ങളിലുള്ള പോക്കറ്റ് സ്‌ക്വയറുകൾ അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിന്റെ മാറ്റുകൂട്ടി.

വർഷങ്ങളായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ധരിക്കുന്ന വസ്ത്രധാരണം അദ്ദേഹത്തിന്റെ ചെങ്കോട്ടപ്രസംഗത്തിലെ പ്രധാന ആകർഷണമായി മാറാറുണ്ട്. 2025-ൽ കാവി തലപ്പാവ്, വെള്ള കുർത്ത-ചൂരിദാർ സെറ്റും കാവി ബന്ദ്ഗള ജാക്കറ്റും ത്രിവർണ സ്റ്റോളുമാണ് അദ്ദേഹം ധരിച്ചിരുന്നത്. 2024-ൽ വെള്ള കുർത്ത-ചൂരിദാറിനും ഇളം നീല ബന്ദ്ഗള ജാക്കറ്റിനുമൊപ്പം രാജസ്ഥാനി ലെഹരിയ പ്രിന്റ് തലപ്പാവ് തിരഞ്ഞെടുത്തു .മഞ്ഞ, പച്ച, ചുവപ്പ് നിറങ്ങളിലുള്ള ബന്ദഹാനി പ്രിന്റ് തലപ്പാവും കറുത്ത വി-നെക്ക് ജാക്കറ്റുമായിരുന്നു 2023-ലെ വേഷം. 2022-ൽ ചുവപ്പ് രൂപങ്ങളും നീളുന്ന വാലുമുള്ള കാവി തലപ്പാവും നീല ജാക്കറ്റും 2021-ൽ ക്രീമും കാവിയും കലർന്ന തലപ്പാവും ഹാഫ് സ്ലീവ് കുർത്തയുമാണ് അദ്ദേഹം അണിഞ്ഞത്. കോവിഡ് സമയമായിരുന്ന 2020-ൽ കാവി കരകളുള്ള വെള്ള സ്‌കാർഫ് മുഖം ധരിച്ചു. അതുതന്നെ മാസ്‌കായും ഉപയോഗിച്ചു.

2019-ൽ ഓറഞ്ചും പച്ചയും കലർന്ന രാജസ്ഥാനി ശൈലിയിലുള്ള തലപ്പാവും, 2018-ൽ റെഡ്-കാവി തലപ്പാവും, 2017-ൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങൾ ചേർന്ന തലപ്പാവും, 2016-ൽ നീളമുള്ള വാലോടുകൂടിയ പിങ്ക്, മഞ്ഞ, ഓറഞ്ച് ടൈ-ആൻഡ്-ഡൈ തലപ്പാവുമാണ് മോദി ധരിച്ചത്. 2014-ൽ പ്രധാനമന്ത്രിയായുള്ള തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പച്ചനിറത്തിലുള്ള വാലോടുകൂടിയ തിളക്കമുള്ള ചുവപ്പ് ജോധ്പൂരി ബന്ദേജ് സാഫയാണ് മോദി തിരഞ്ഞെടുത്തത്. 2015-ൽ ചുവപ്പ്, പച്ച, പിങ്ക് നിറങ്ങൾ അറ്റാച്ച് ചെയ്ത മഞ്ഞ തലപ്പാവിനൊപ്പം ത്രിവർണ പോക്കറ്റ് സ്‌ക്വയറും അണിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *