തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് നിരക്ക് വർധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ബിജെപി. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാനെന്ന പേരിൽ നിരക്ക് വർധിപ്പിക്കുന്നത് ഭക്തരെ ചൂഷണം ചെയ്യാനുള്ള നീക്കമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആരോപിച്ചു.
വെർച്വൽ ക്യൂ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനവുമായി ദേവസ്വം ബോർഡ് മുന്നോട്ടുപോയാൽ നിയമപരമായും സംഘടനാപരമായും ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമല ഭക്തരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും അനൂപ് ആന്റണി പറഞ്ഞു.
ആദ്യം സൗജന്യമായിരുന്ന വെർച്വൽ ക്യൂ ബുക്കിങ്ങിന് പിന്നീട് അഞ്ച് രൂപ ഈടാക്കിത്തുടങ്ങി. നിലവിൽ ഇത് പത്ത് രൂപയാക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഓരോ ഘട്ടത്തിലും നിരക്ക് വർധിപ്പിച്ച് ഭക്തർക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെത്തുന്ന തീർത്ഥാടകരിൽ പലരും കുടുംബങ്ങളായും വലിയ സംഘങ്ങളായുമാണ് ദർശനത്തിനെത്തുന്നത്. നിരക്ക് വർധിപ്പിച്ചാൽ ഇവർക്ക് അധിക ചെലവുണ്ടാകും. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാനായി നിരക്ക് ഉയർത്തണമെന്ന ദേവസ്വം ബോർഡിന്റെ വാദത്തെയും അനൂപ് ആന്റണി ചോദ്യം ചെയ്തു.പണം നൽകി ഉപയോഗിക്കുന്ന ശൗചാലയങ്ങൾ പോലും വെള്ളമില്ലാതെയും വൃത്തിഹീനമായും തുടരുന്ന സാഹചര്യത്തിൽ, നിരക്ക് വർധിപ്പിച്ചാൽ സൗജന്യ ശൗചാലയങ്ങൾ ഒരുക്കുമെന്ന ഉറപ്പ് എങ്ങനെ വിശ്വസിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.



