കോട്ടയം: വൈക്കം സിഐ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സിഐ ഷമീർ ഖാൻ അനധികൃതമായി പണം വാങ്ങിയെന്ന പരാതിയിലാണ് നടപടി. ടിപ്പർ, ടോറസ്, ലോറി ഉടമകളിൽ നിന്നും വിവിധ കേസുകളിലെ പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. നേരിട്ടും യുപിഐ ഇടപാടുകൾ വഴിയും പണം വാങ്ങിയെന്നായിരുന്നു പരാതി. പരിശോധനയിൽ അസം സ്വദേശിയായ ജോഗട്ട് ഗൊഗോയിയുടെ അക്കൗണ്ടിലൂടെ ഏകദേശം 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതായാണ് വിജിലൻസ് കണ്ടെത്തിയത്.
സിഐയുടെ പക്കൽനിന്ന് മൊബൈൽ ഫോണും എടിഎം കാർഡും കണ്ടെത്തി. അസം സ്വദേശിയുടെ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ആരംഭിച്ചെന്നും മറ്റൊരു വൈക്കം സ്വദേശിനിയുടെ ഫോണിൽ യുപിഐ സംവിധാനം ഒരുക്കിയാണ് പണം സ്വീകരിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കനറാ ബാങ്കിലും പരിശോധന തുടരുകയാണ്. വിജിലൻസ് പൊലീസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡിവൈഎസ്പി പ്രദീപ് കുമാറും മറ്റ് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.



