ജയിലർ ആദ്യ ഭാഗത്തിൽ അഭിനയിക്കാൻ കഴിയാത്തതിന്റെ വിഷമം രണ്ടാം ഭാഗത്തിലൂടെ തീർത്തുവെന്ന് നടൻ ഹക്കീം ഷാജഹാൻ. ജയിലർ 2-വിൽ ഷർവ കൽപക് എന്ന കഥാപാത്രമായാണ് ഹക്കീം എത്തുന്നത്. ആദ്യ ഭാഗത്തിലേക്കും തന്നെ വിളിച്ചിരുന്നെങ്കിലും പിന്നീട് അവസരം ലഭിച്ചില്ലെന്ന് താരം പറഞ്ഞു. ജയിലർ തിയേറ്ററിൽ കണ്ടപ്പോൾ ചിത്രത്തിന്റെ ഭാഗമാകാൻ കഴിയാത്തതിൽ നിരാശ തോന്നിയെന്നും ഹക്കീം വെളിപ്പെടുത്തി. എന്നാൽ രണ്ടാം ഭാഗത്തിലേക്ക് വിളി വന്നപ്പോൾ മൂന്ന് കഥാപാത്രങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭിച്ചത്. ആദ്യം തിരഞ്ഞെടുത്ത കഥാപാത്രത്തിന് അനുയോജ്യമായ ലുക്ക് ലഭിക്കാത്തതിനെത്തുടർന്നാണ് ഷർവ കൽപക് എന്ന കഥാപാത്രത്തിലേക്ക് എത്തിയത്.
വിവിധ ലുക്ക് ടെസ്റ്റുകൾക്കും ഓഡിഷനുകൾക്കും ശേഷമാണ് ഈ വേഷം ഉറപ്പിച്ചത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ സന്തോഷമാണെന്നും ഹക്കീം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു ലുക്ക് ടെസ്റ്റുകൾ നടന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനൊപ്പം റീഷൂട്ടുകളും പാച്ച് വർക്കുകളും ഉണ്ടായിരുന്നു. അവസാനം തനിക്ക് അനുയോജ്യമായ കഥാപാത്രം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഈ അവസരത്തെ വലിയ അംഗീകാരമായാണ് കാണുന്നതെന്നും ഹക്കീം പറഞ്ഞു. ജയിലർ രണ്ടാം ഭാഗത്തിലെ താരത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.



