തിരുവനന്തപുരം: 1960ന് ശേഷം സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ഏറ്റവും വലിയ നിയമന ശിപാർശയുമായി ആരോഗ്യവകുപ്പ്. മെഡിക്കൽ കോളജുകളിലേക്ക് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 800ഓളം ഡോക്ടർമാരുടെ നിയമനത്തിനാണ് ഔദ്യോഗികമായി ശിപാർശ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നടപടികൾക്കായി ആരോഗ്യവകുപ്പ് ധനകാര്യ വകുപ്പിനെ സമീപിച്ചു. മെഡിക്കൽ കോളജുകൾക്ക് പുറമെ ആരോഗ്യവകുപ്പിന്റെ കീഴിൽ 1800 ഡോക്ടർമാരുടെ നിയമനത്തിനും ശിപാർശ നൽകിയിട്ടുണ്ട്.
കൂടാതെ നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റുകൾ എന്നീ പ്രധാന തസ്തികകളിലേക്കായി ആയിരത്തോളം പേരുടെ നിയമനത്തിനും ശിപാർശ സമർപ്പിച്ചിട്ടുണ്ട്. ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള നിർണായക നീക്കങ്ങൾക്കിടയിലാണ് ആരോഗ്യവകുപ്പ് നിയമന ശിപാർശകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ. മുരളീധരൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിയമന ശുപാർശ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.



