മധുരൈ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാം; ഒറ്റത്തവണ അനുമതി നൽകി സുപ്രീംകോടതി, പൊതുജന പ്രവേശനത്തിന് വിലക്ക്

ചെന്നൈ: തമിഴ്നാട്ടിലെ മധുരൈ തിരുപ്പരങ്കുന്ദ്രം കുന്നിലെ വിവാദ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ ഒറ്റത്തവണ അനുമതി നൽകി സുപ്രീംകോടതി. നവംബർ 24-ന് ദീപം തെളിക്കാനാണ് അനുമതി. എന്നാൽ ചടങ്ങിനായി പൊതുജനങ്ങൾക്ക് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല. ക്ഷേത്രത്തിലെ പരിമിതമായ പ്രതിനിധി സംഘത്തിന് മാത്രമായിരിക്കും ദീപം തെളിക്കാൻ അനുമതി.

ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വർഷത്തേക്ക് മാത്രമുള്ള പ്രത്യേക ക്രമീകരണമാണ് അനുമതിയെന്നും ഇതിനെ സ്ഥിരമായ ആചാരത്തിനോ ഭാവിയിൽ ദീപം തെളിക്കാനുള്ള അവകാശത്തിനോ ഉള്ള അംഗീകാരമായി കാണരുതെന്നും കോടതി വ്യക്തമാക്കി.

ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിയിലെ ചില നിരീക്ഷണങ്ങൾ സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തു. ഹൈക്കോടതി വിധിയുടെ നിയമസാധുത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം പിന്നീട് പരിഗണിക്കും.

തിരുപ്പരങ്കുന്ദ്രം കുന്നിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനും സമീപത്തെ സിക്കന്ദർ ബാദുഷ ദർഗയ്ക്കും സമീപമുള്ള കൽത്തൂണിലാണ് ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നത്. ദീപത്തൂൺ ക്ഷേത്രഭൂമിയിലാണെന്നും അവിടെ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി നേരത്തെ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ദീപത്തൂണിൽ വിളക്ക് തെളിക്കുന്നതിന് സ്ഥാപിതമായ ആചാരമില്ലെന്നും പരമ്പരാഗതമായി ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് ദീപം തെളിക്കുന്നതെന്നുമായിരുന്നു തമിഴ്നാട് സർക്കാരിന്റെ വാദം.

ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന ആശങ്കയും സർക്കാർ കോടതിയിൽ ഉന്നയിച്ചിരുന്നു.

ചടങ്ങിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ നടത്തണം. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ, പുരാവസ്തു വകുപ്പ്, പൊലീസ് കമ്മിഷണർ എന്നിവരുമായി ആലോചിച്ച് ദീപം തെളിക്കുന്ന സംഘത്തിന്റെ അംഗസംഖ്യയും ഘടനയും നിശ്ചയിക്കണം. ആവശ്യമായ പൊലീസ് സുരക്ഷയും ഒരുക്കണം.

അതേസമയം, ദർഗയിലും പള്ളിയിലും നിലവിലുള്ള ആരാധനയ്ക്കും നിയമപരമായ പ്രവേശനത്തിനും തടസ്സമുണ്ടാകരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ദീപം തെളിക്കാൻ നൽകിയ അനുമതി തർക്കത്തിലെ ആചാരാവകാശം, ഭൂമിയുടെ ഉടമസ്ഥാവകാശം, ഭാവിയിലെ പ്രവേശനാവകാശം എന്നിവയിൽ അന്തിമ തീരുമാനമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *