കണ്ണൂർ: നായയോ പൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താൽ മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി അവഗണിക്കരുത്. പ്രഥമശുശ്രൂഷയും ചികിത്സയും പ്രധാനമാണ്. ചെറിയ പോറലാണെങ്കിൽ പോലും പ്രഥമശുശൂഷയ്ക്ക് ശേഷം എത്രയും വേഗം ചികിത്സ തേടണം. പേവിഷബാധ പ്രതിരോധത്തിൽ ഏറ്റവും നിർണായകം കൃത്യസമയത്ത് സ്വീകരിക്കുന്ന വാക്സിനേഷനാണ്.
രോഗം ബാധിച്ച മൃഗം കടിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരിൽ റാബീസ് ഉണ്ടാകുന്നത്. പൂച്ച, കുരങ്ങ്, അണ്ണാൻ, കീരി, കുറുനരി, ആടുമാടുകൾ എന്നിവയിലൂടെയും രോഗം ബാധിക്കാം. നായ നക്കിയാലും ചെറുമുറിവുള്ള ചർമത്തിലൂടെയും കട്ടികുറഞ്ഞ ശ്ലേഷ്മസ്തരത്തിലൂടെയും വൈറസ് ശരീരത്തിൽ കടക്കാം.
മുറിവിനു കൃത്യമായ ചികിത്സ നൽകുക എന്നത് പേവിഷബാധ പ്രതിരോധത്തിൽ പ്രധാനമാണ്. മുറിവേറ്റ ഭാഗം എത്രയുംവേഗം സോപ്പുപയോഗിച്ച് ധാരയായി ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റ് കഴുകണം. ഇതുവഴി രോഗസാധ്യത 80 ശതമാനംവരെ കുറയ്ക്കാം. മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന വൈറസുകളെ നിർവീര്യമാക്കാനാണ് ഇങ്ങനെ കഴുകുന്നത്. വെറും കൈകൊണ്ട് മുറിവിൽ സ്പർശിക്കരുത്. കൈയിൽ മുറിവുകൾ ഉണ്ടെങ്കിൽ വൈറസ് പകരാനിടയാക്കും. കഴുകിയതിനുശേഷം മുറിവിൽ അയഡിൻ കലർന്ന ആന്റിസെപ്റ്റിക് ലേപനങ്ങൾ പുരട്ടാം. മുറിവിന് പുറത്ത് മറ്റ് വസ്തുക്കൾ ചൂടാക്കി വയ്ക്കുകയോ മറ്റ് ലേപനങ്ങൾ പുരട്ടുകയോ ചെയ്യരുത്. വൈകാതെ ആസ്പത്രിയിൽ ചികിത്സ തേടുക.
