കോട്ടയം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് പടർന്നതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്. മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് കൊണ്ടുപോകുന്നത് അത്യന്തം അപകടകരമാണെന്നും പാർട്ടിക്കും മുന്നണിക്കും ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അധികാര വടംവലിയിൽ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് നല്ലതല്ലെന്നും മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം മുഖത്ത് തന്നെ വീഴുമെന്നും കെ സി ജോസഫ് ഓർമ്മിപ്പിച്ചു. തർക്കങ്ങൾ ഇത്തരത്തിൽ പരസ്യമാക്കുന്നത് ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയുണ്ടാക്കുമെന്നും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാർ അറിഞ്ഞോ അറിയാതേയോ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ടെന്നും കെ സി ജോസഫ് കൂട്ടിച്ചേർത്തു. തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നവരുടെ ചേരികളാണ് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കരുനീക്കുന്നത്.
