പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് പിടികൂടി. 20 ഓളം നായ്ക്കളുടെ സംരക്ഷണതയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് എക്സൈസ് പിടികൂടിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി ജിജിറ്റ് (19) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിലാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയിൽ നിന്നും കഞ്ചാവ് പാഴ്സലായി എത്തിയത്. സംഭവത്തിൽ കൊല്ലങ്കോട് സ്വദേശി ആർ. സഞ്ജയും സഹോദരൻ ആർ. രാഹുലും എക്സൈസ് പിടിയിലായിരുന്നു.
ചോദ്യം ചെയ്യലിലാണ് സുഹൃത്ത് ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് എത്തിച്ചതെന്ന് യുവാക്കൾ എക്സൈസിന് മൊഴി നൽകിയത്. പാഴ്സൽ പിടിക്കപ്പെട്ടതോടെ നാലര മാസമായി ഒളിവിലായിരുന്നു ജിജിറ്റ്. പുത്തൂരിലെ വാടകവീട്ടിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്ന് എക്സൈസിനെ വിവരം ലഭിച്ചു. പിന്നാലെ പരിശോധനയ്ക്കിടെ വീട്ടിൽ നായ്ക്കളെ അഴിച്ചുവിട്ട് പ്രതിയും വീട്ടുകാരും പരിഭ്രാന്തി പരത്തി. 20 ഓളം നായ്ക്കളെ വീടിനു ചുറ്റും നിർത്തിയാണ് ജിജിറ്റ് എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്. സാഹസികമായാണ് എക് സൈസ് സംഘം വീടിനകത്ത് കയറി. നായ്ക്കൾക്ക് ബിസ്‌ക്കറ്റ് നൽകിയാണ് എക്സൈസ് പ്രതിയെ പിടികൂടിയത്.
