വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

തൃശൂർ: 17 പേരുടെ മരണത്തിന് ഇടയാക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ, തിരുവമ്പാടി ദേവസ്വം എന്നീ ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂൺ 16 നകം വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി.

തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിൽ ഏപ്രിൽ 21-ാം തീയതിയാണ് വൻ സ്ഫോടനമുണ്ടായത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടു. വെടിക്കെട്ടുശാല പ്രവർത്തിച്ചതിന് സമീപത്തെ പാടശേഖരത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. 500 മീറ്റർ അകലെ വരെ ശരീരഭാഗങ്ങൾ തെറിച്ചുവീണിരുന്നു. ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണം നടത്തുന്നതിനായി നിയോ​ഗിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *