തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി അവലോകനം ചെയ്യുന്നതിന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ നിർണായകയോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. കേരളത്തിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി അതീവ ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം കാണുന്നത്. കേന്ദ്ര കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നേക്കും എന്താണ് സൂചന. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകോപിച്ചതാണ് തിരിച്ചടിക്ക് കാരണമെന്നും, വിമതർ നടത്തിയത് ആസൂത്രിതമായ നീക്കമാണ് എന്നുമാണ് സംസ്ഥാന ഘടകം പോളിറ്റ്ബ്യൂറോയിൽ വെച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സംസ്ഥാന – ജില്ല നേതൃയോഗങ്ങളിൽ നടന്ന ചർച്ചകളിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, തിരഞ്ഞെടുപ്പ് നയിച്ച പിണറായി വിജയനും എതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. നേതൃമാറ്റ മടക്കമുള്ള ആവശ്യങ്ങൾ ചർച്ചകളിൽ ഉയർന്നുവന്നിട്ടുണ്ട്.
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ ഏരിയാ കമ്മിറ്റികൾക്ക് ചോദ്യാവലി നൽകി സിപിഐഎം. തോൽവിയുടെ വിവിധ കാരണങ്ങളിലേക്ക് എത്താനാവുന്ന 34 ചോദ്യങ്ങളാണ് ഏരിയാ കമ്മിറ്റികൾക്ക് നൽകിയിരിക്കുന്നത്. ഉത്തരം കണ്ടെത്തി പാർട്ടിയുടെ സംസ്ഥാന സെന്ററിനെ അറിയിക്കണം എന്നാണ് നിർദ്ദേശം.
