തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ എല്ലാ സീറ്റുകളെയും ഫലം പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രതീക്ഷയ്ക്കതീതമായ പരാജയമാണ് ഉണ്ടായത്. എല്ലാ പരാജയവും വിശദമായി പരിശോധിക്കും. അതിനാണ് പാർട്ടി കമ്മിറ്റികൾ ചേരാൻ പോകുന്നത്. എല്ലാ ജില്ലകളിലും പാർട്ടി കമ്മറ്റികൾ കൂടും. നാദാപുരത്തെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട വിമർശനം പരിശോധിക്കും. മൂന്നിടത്ത് ബിജെപി സീറ്റ് നേടിയത് വലിയ വിപത്തായി തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകളിലും പാർട്ടി വിലയിരുത്തൽ നടത്തും. അതിനു ശേഷം വൈകാതെ സ്റ്റേറ്റ് കൗൺസിൽ യോഗം ചേരും. പാർട്ടി മാറ്റങ്ങൾ വരുത്തി മുന്നോട്ടു പോകും, ആരും കാണാത്ത അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് സീറ്റുകളിലെ ബിജെപിയുടെ വിജയം വലിയ വിപത്ത് ആണ്. ഇതിനെ കമ്മ്യൂണിസ്റ്റ് പാർട്ടികളും മതേതര ശക്തികളും ഗൗരവമായി കാണണം. മൂന്നു സീറ്റ് മാത്രമല്ല ആറിടത്ത് രണ്ടാം സ്ഥാനവുമുണ്ട്. അതൊരു ഗൗരവപ്പെട്ട വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
