രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18 ന് നടക്കും

ഡൽഹി: രാജ്യസഭയിൽ ഒഴിവ് വരുന്ന 24 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18-ന് നടക്കും. അന്ന് വൈകിട്ട് അഞ്ചുമണിക്ക് തന്നെ ഫലവും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്. പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള 24 രാജ്യസഭാ എംപിമാരുടെ കാലാവധി ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിലാണ് പൂർത്തിയാകുന്നത്. ഈ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മല്ലികാർജുൻ ഖാർഗെ, എച്ച്.ഡി. ദേവഗൗഡ, ദിഗ്‌വിജയ് സിങ് തുടങ്ങിയവരാണ് വരും ദിവസങ്ങളിൽ കാലാവധി പൂർത്തിയാക്കുന്ന പ്രമുഖ രാജ്യസഭാംഗങ്ങൾ. ആന്ധ്രപ്രദേശ് (4), ഗുജറാത്ത് (4), കർണാടക (4), മധ്യപ്രദേശ് (3), രാജസ്ഥാൻ (3), ഝാർഖണ്ഡ് (2), മണിപ്പുർ (1), മേഘാലയ(1), അരുണാചൽ പ്രദേശ് (1), മിസോറം (1) എന്നിങ്ങനെയാണ് ഒഴിവുവരുന്നത്. നിലവിൽ ഒഴിവുവരുന്ന 24 സീറ്റുകളിൽ പതിനാറും എൻഡിഎയുടേതാണ്. കക്ഷിനില ഇങ്ങനെ: ബിജെപി-12, എൻപിപി-1, ജെഡിഎസ്-1, എംഎൻഎഫ്-1, ടിഡിപി-1.

നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ടും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ പതിനൊന്നുമാണ്. ജൂൺ 20-ന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും. സുനേത്ര പവാർ രാജിവെച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിയിൽനിന്നും സി.വി. ഷൺമുഖം രാജിവെച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽനിന്നും ഒഴിവുവന്ന രണ്ട് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ജൂൺ പതിനെട്ടിന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *