ടിഎംസി നേതാവ് കകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു

കൊൽക്കത്ത : മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് കാകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു. ലോക്സഭയിലെ ടിഎംസി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റി കല്യാൺ ബാനർജിയെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് കാകോലി ഘോഷ് രാജിവെച്ചത്. തൃണമൂലിന്റെ ബാരാസത്ത് സംഘടനാ ജില്ലാ അധ്യക്ഷ പദവിയും മഹിളാ വിങ് അധ്യക്ഷ സ്ഥാനവുമാണ് കാകോലി ഒഴിഞ്ഞത്. എംപി സ്ഥാനവും രാജിവെച്ചേക്കുമെന്നാണ് സൂചന.

ടിഎംസിയുടെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിനെതിരെ കാകോലി ഘോഷ് കഴിഞ്ഞ ദിവസം​ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ബാരാസത്ത് മണ്ഡലത്തിലെ പാർട്ടിയുടെ മോശം പ്രകടനത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജി കത്തെന്നും, പുറത്തുനിന്നുള്ള ഏജൻസികളെ വിശ്വസിക്കുന്നതിന് പകരം മമത ബാനർജി വിശ്വസ്‌തരായ സ്വന്തം പ്രവർത്തകരെ ആശ്രയിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 40-45 വർഷത്തെ രാഷ്ട്രീയ പരിചയമുള്ള തങ്ങളെപ്പോലുള്ളവരെ ഭീഷണിപ്പെടുത്താൻ കൺസൾട്ടന്റ് സ്ഥാപനത്തിലെ 22-ഉം 23-ഉം വയസ്സുള്ള കുട്ടികൾ വരുന്നത് അംഗീകരിക്കാനാകില്ലെന്നും കാകോലി തുറന്നടിച്ചു. അതേസമയം, ബംഗാൾ സർക്കാരിന്റെ വിവിധ അഴിമതി ആരോപണങ്ങൾ തങ്ങളുടെ കുടുംബത്തിന്റെ അന്തസ്സിനെ ബാധിച്ചുവെന്നും അതിനാലാണ് കാകോലി ഘോഷ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും കാകോലിയുടെ മകൻ ബൈദ്യനാഥ് ഘോഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *