തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി ദർശനം നടത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വിഐപി ദർശനം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തനിക്കൊപ്പം ആകെ നാല് പേർ മാത്രമാണ് ദർശനത്തിന് കൂടെയുണ്ടായിരുന്നതെന്നും, എല്ലാവരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, തന്റെ ഗുരുവായൂർ ദർശനത്തിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാമായിരുന്നുവെന്നു പറയുന്നതിനോടൊപ്പം വിവാദമുണ്ടാക്കുന്നവർ താൻ ഇനി മേലിൽ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും പരിഹസിച്ചു.
