ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില തവണകളായി വർധിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്ന് രാഹുലാ ഗാന്ധി വിമർശിച്ചു. ‘വിലക്കയറ്റ മനുഷ്യൻ മോദി’ വീണ്ടും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തവണകളായി പെട്രോളിനും ഡീസലിനും എട്ട് രൂപയാണ് വർധിപ്പിച്ചത്. ജനങ്ങൾ അറിയാതെ രഹസ്യമായി അവരുടെ പോക്കറ്റടിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ വില തവണകളായി ഉയർത്തുന്നത്. ഇന്ധനവിലയിലുള്ള ഈ വർധനവ് ഇനിയും തുടരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
രാജ്യത്ത് വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വരാൻ പോകുകയാണെന്ന് മാസങ്ങളായി താൻ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പ്രധാനമന്ത്രി മോദി എപ്പോഴും ചെയ്യാറുള്ളതുപോലെ ഇത് അവഗണിക്കുകയായിരുന്നു. മോദി തിരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വൻ വാഗ്ദാനങ്ങൾ നൽകുകയും ബാക്കി സമയങ്ങളിലെല്ലാം ജനങ്ങളുടെ പോക്കറ്റടിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ‘വിലക്കയറ്റ മനുഷ്യൻ’ മോദിയുടെ ഒരേയൊരു ജോലിയെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.
